വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇന്ത്യയില്‍ റെന്റ് എഗ്രിമെന്റ് തയ്യാറാക്കുമ്പോള്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരില്ല.
കെട്ടിടം
വാടകയ്ക്ക് എടുക്കുന്നതിനു മുമ്പ് കെട്ടിടത്തെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കണം. കെട്ടിടത്തില്‍ മറ്റുള്ളവര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ലാന്‍ഡ് ലോര്‍ഡ് ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് വാടകക്കാരനെ നേടാന്‍ ശ്രമിക്കരുത്. ''ഇതൊക്കെയാണ് കാര്യങ്ങള്‍, താത്പര്യമുണ്ടെങ്കില്‍ എടുക്കാം. ഇതാണ് എനിക്കു പറയാനുള്ള കണ്ടീഷന്‍''. എന്നു വ്യക്തമാക്കുക. കൂടാതെ വാടകയ്ക്ക് വരുന്നയാളുടെ ഐഡി പ്രൂഫ്, ഫോട്ടോ, പാന്‍കാര്‍ഡ് എന്നിവ ചോദിച്ചു വാങ്ങുക. എഗ്രിമെന്റ് എഴുതുന്നതിനായി സ്വന്തം ഐഡി പ്രൂഫ്, പാന്‍കാര്‍ഡ് എന്നിവ നല്‍കാന്‍ കെട്ടിട ഉടമയും തയ്യാറാകണം.
സ്റ്റാംപ് പേപ്പര്‍
സാധാരണ കെട്ടിടം വാടകയ്ക്ക് എടുക്കുന്നയാളാണ് സ്റ്റാംപ് പേപ്പര്‍ വാങ്ങേണ്ടത്. ഒറിജിനല്‍ സൂക്ഷിക്കേണ്ടതും അയാള്‍ തന്നെയാണ്. ഇനി ഒറിജിനല്‍ ഉടമസ്ഥന് സൂക്ഷിയ്ക്കണമെങ്കില്‍ രണ്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങുക. പക്ഷേ, അപ്പോഴും സ്റ്റാംപ് പേപ്പര്‍ ടെനന്റിന്റെ പേരിലായിരിക്കണം. ഉടമയുടെ പേരിലായിരിക്കരുത്. രണ്ട് ഒറിജിനല്‍ ഉണ്ടാകുമെന്നു മാത്രം. രണ്ടു മുദ്രപത്രത്തിലും ഇരു പാര്‍ട്ടികളും ഒപ്പിടേണ്ടി വരും.
നോട്ടിസ് പിരിയഡ്
രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു നോട്ടീസ് പിരിയഡ് എഗ്രിമെന്റില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. രണ്ടു കൂട്ടരും ഈ നോട്ടീസ് പിരിയഡ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. 11 മാസമാണ് ഒരു എഗ്രിമെന്റിന്റെ കാലാവധി. സാധാരണ ഗതിക്ക് വാടക വര്‍ദ്ധിപ്പിച്ചാല്‍ എഗ്രിമെന്റ് ആരും പുതുക്കി എഴുതാറില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നത് നല്ലതാണ്. നിര്‍ബന്ധമില്ല.
വാടക വര്‍ദ്ധന
വാടക വര്‍ദ്ധിപ്പിക്കുന്നതിന് ഓരോരുത്തരും ഓരോ മാനദണ്ഡങ്ങളാണ് സ്വീകരിക്കാറുള്ളത്. എങ്കിലും താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് അഞ്ചു ശതമാനവും കമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്ക് പത്തു ശതമാനവും ആയിരിക്കും. നിര്‍ബന്ധമായും ഇത് എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. പത്തു ശതമാനത്തില്‍ കൂടുതലുള്ള വര്‍ധന നിര്‍ദ്ദേശങ്ങളെ അംഗീകരിക്കരുത്.
ഡിപ്പോസിറ്റ്
സ്വാഭാവികമായും 11 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ അഡ്വാന്‍സായി സ്വീകരിക്കാറുള്ളത്. കഴിയുന്നതും ഇതില്‍ വിലപേശാന്‍ ശ്രമിക്കണം. കാരണം പലിശയൊന്നും ലഭിക്കാത്ത ഒരു നിക്ഷേപമാണിത്. ഒരിക്കലും പണമായി ഡിപ്പോസിറ്റ് തുക നല്‍കരുത്. ചെക്കായോ എക്കൗണ്ട് ട്രാന്‍സ്ഫറായോ വേണമെങ്കില്‍ നല്‍കണം. ചെക്ക് നമ്പറോ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ റഫറന്‍സ് നമ്പറോ നിര്‍ബന്ധമായും എഗ്രിമെന്റില്‍ പരാമര്‍ശിക്കണം.
വാടകയും നികുതിയും
വാടക ക്യാഷായി നല്‍കുകയാണെങ്കില്‍ അതിന്റെ രശീതി കിട്ടുന്നുവെന്ന് ഉറപ്പാക്കുക. കഴിയുന്നതും ലാന്‍ഡ് ലോര്‍ഡിന്റെ ബാങ്ക് എക്കൗണ്ടിലേക്ക് നിശ്ചിത ദിവസം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വേണ്ടി ശ്രമിക്കുക. ഇക്കാര്യവും എഗ്രിമെന്റില്‍ മെന്‍ഷന്‍ ചെയ്യാന്‍ ശ്രമിക്കണം. എഗ്രിമെന്റില്‍ വിലാസം എഴുതുന്നതിനൊപ്പം ലാന്‍ഡ് ലോര്‍ഡിന്റെയും ടെനന്റിന്റെയും പാന്‍കാര്‍ഡ് പരാമര്‍ശിക്കുന്നത് ഭാവിയിലെ ടാക്‌സ് നൂലാമാലകളില്‍ നിന്നും രണ്ടു പേരെയും രക്ഷിക്കും. നികുതി അടയ്ക്കുന്ന വാടകക്കാരനാണെങ്കില്‍ നിര്‍ബന്ധമായും ലാന്‍ഡ് ലോര്‍ഡിന്റെ പാന്‍ കാര്‍ഡ് വേണ്ടി വരും. തുടക്കത്തില്‍ തന്നെ ഈ വിവരം രേഖപ്പെടുത്തി കഴിഞ്ഞാല്‍ ആ തലവേദന ഒഴിവാക്കം.
പണം തിരിച്ചു കൊടുക്കല്‍
വാടകക്കാരന്‍ ഒഴിയുമ്പോള്‍ തന്നെ ഉടമ പണം തിരിച്ചു കൊടുത്തേ പറ്റൂ. ഇവിടെ ഉടമയും വാടകക്കാരനും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വീട് പെയിന്റ് ചെയ്യുന്നതിന് വാടകക്കാരന്‍ ഒരു മാസത്തെ വാടകയാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ പരാമര്‍ശം എഗ്രിമെന്റില്‍ വേണം. അതേ പോലെ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പണം വാടകക്കാരന്‍ നല്‍കേണ്ടതുണ്ട്. ഇത് എഗ്രിമെന്റില്‍ പ്രത്യേകം പരാമര്‍ശിക്കണം. പണം തിരിച്ചു കൊടുക്കുന്നതും മേല്‍പ്പറഞ്ഞ രീതിയില്‍ മതി. ഒറിജിനലില്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടി ബോധിച്ചുവെന്ന് ഒപ്പിടുവിച്ചു വാങ്ങിക്കുന്നത് നല്ലതാണ്..
ഉപകരണങ്ങള്‍
വീട്ടിനുള്ളില്‍ പ്രധാനപ്പെട്ട ഉപകരണങ്ങള്‍(ഫാന്‍, ലൈറ്റ്, എസി, ഹീറ്റര്‍, ഫര്‍ണിച്ചറുകള്‍.etc) തുടങ്ങിയവയുടെ ഒരു ലിസ്റ്റ് കെട്ടിട ഉടമ തയ്യാറാക്കി എഗ്രിമെന്റിന്റെ ഭാഗമായി ചേര്‍ക്കേണ്ടതാണ്. വാടക്കാരന്‍ എഗ്രിമെന്റില്‍ പറയുന്ന സംഗതികള്‍ ഉണ്ടോയെന്നും അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
ചുരുക്കത്തില്‍ ഒരു വാടകക്കരാര്‍ ഒപ്പിടുന്നതിനു മുമ്പ് നിരവധി ഘടകങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അനാവശ്യമായ നിബന്ധനകള്‍ കടന്നു കൂടിയിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.