ഗവൺമെന്റിന്റേയും മറ്റു സ്ഥാപനങ്ങളുടേയും നിരവധി ഓൺലൈൻ , ഓഫ്ലൈൻ സേവനങ്ങൾക്ക് ആധാർകാർഡ് വളരെ പ്രധാനമാണിന്ന്. മുമ്പ് വളരെ പ്രയാസകരമായിരുന്ന പല സേവനങ്ങളും വളരെ എളുപ്പം ഓൺലൈനിലൂടെ ആധാർകാർഡും രജിസ്ട്രേഡ് ഫോൺനമ്പറിലേക്ക് വരുന്ന ഒടിപിയുമുപയോഗിച്ച് ചെയ്യാം. എന്നാൽ ആധാർകാർഡ് നഷ്ടപ്പെട്ടാൽ, യുഐഡിയോ എന്റോൾമെന്റ് നമ്പറോ ഓർമ്മയില്ലെങ്കിൽ എന്തു ചെയ്യും? പേടിക്കേണ്ട കാര്യമില്ല, ആധാർ നമ്മുടെ രജിസ്ട്രേഡ് ഫോൺ നമ്പറുപയോഗിച്ച് യുഐഡി അല്ലെങ്കിൽ എന്റോൾമെന്റ് നമ്പർ വീണ്ടെടുക്കാനാവും. ഇതിന് ചാർജ്ജ് ഈടാക്കുകയുമില്ല.
ആധാർ നമ്പർ ഓൺലൈനിൽ എങ്ങനെ വീണ്ടെടുക്കാം
ആധാർ നഷ്ടപ്പെടുകയും എന്റോൾമെന്റ് നമ്പർ (ഇഐഡി) അല്ലെങ്കിൽ ആധാർ (യുഐഡി) ഓർമ്മയില്ലാത്ത സാഹചര്യത്തിൽ, വീണ്ടെടുക്കുന്നതിനായി mAadhar app അല്ലെങ്കിൽ uidai.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ആധാർ നൽകുന്ന എല്ലാ സേവനങ്ങൾക്കും രജിസ്ട്രേഡ് മൊബൈൽ നമ്പർ ആവശ്യമാണ്. ആയതിനാൽ ആദ്യമേ തന്നെ മൊബൈൽ നമ്പർ ആധാറിൽ നിർബന്ധമായും ചേർത്തിരിക്കണം.
ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് ഏറ്റവും അടുത്ത ആധാർകേന്ദ്രം (അക്ഷയകേന്ദ്രം) സന്ദർശിച്ച് നമ്മുടെ ബയോമെട്രിക് വിവരങ്ങൾ നൽകണം. ഈ സേവനത്തിന് 50രൂപയാണ് ചാർജ്ജ്. ഇതിനായി മറ്റു ഡോക്യുമെന്റേഷൻ പ്രൊസസുകളൊന്നും ആവശ്യമില്ല.