എന്താണ് പ്രീ അപ്രൂവ്ഡ് ലോണുകൾ? എങ്ങനെ കിട്ടും? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്താണ് പ്രീ അപ്രൂവ്ഡ് ലോണുകൾ? എങ്ങനെ കിട്ടും? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ കൊറോണാ കാലത്ത് നിങ്ങളുടെ പലരുടെയും മൊബൈലിലേക്ക് പ്രീ അപ്രൂവ്ഡ് ലോണുകളുടെ സന്ദേശങ്ങൾ എത്തിയിരിക്കും. എന്താണ് പ്രീ അപ്രൂവ്ഡ് ലോണുകൾ? സാധാരണ ലോണുകളും ഈ ലോണുകളും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കും?

വളരെ ആകർഷകമായ പരസ്യങ്ങളോടെയായിരിക്കും പലപ്പോഴും പ്രീ അപ്രൂവ്ഡ് ലോണുകളുടെ ഓഫർ എത്തുക. യാതൊരു രേഖയുമില്ലാതെ 30 മിനിറ്റിനുള്ളിൽ വായ്പ നൽകാം. പറ്റിക്കുകയാണെന്നൊന്നും കരുതണ്ട. ഇത് 90 ശതമാനവും സത്യമാണ്. നല്ല ഇടപാടുകാർക്ക് അതിവേഗം വായ്പ നൽകാനായി ബാങ്കുകൾ ഉപയോഗിക്കുന്ന മാർഗ്ഗമാണ് പ്രീ അപ്രൂവ്ഡ് ലോണുകൾ.

അപ്പോൾ ന്യായമായ ഒരു സംശയം വരും. ആരാണ് ഈ നല്ല അല്ലെങ്കിൽ വിശ്വസ്തരായ ഇടപാടുകാർ. നിങ്ങൾക്കറിയാം നിങ്ങൾ എടുക്കുന്ന ഓരോ വായ്പയും ക്രെഡിറ്റ് കാർഡുകളും സിബിൽ സിസ്റ്റത്തിൽ മാർക്ക് ചെയ്യപ്പെടുന്നുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന, അച്ചടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമേഴ്സിനെ ബാങ്കുകൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.

ഇത്തരം കസ്റ്റമേഴ്സിന്റെ വരുമാനവും ക്രെഡിറ്റ് ഹിസ്റ്ററിയും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് ഇവർക്ക് യാതൊരു പേപ്പർ വർക്കും കൂടാതെ നൽകാനാകുന്ന ലോണിന് ബാങ്കുകൾ ഒരു പരിധി നിശ്ചയിക്കും. അതിനെ നമുക്ക് പ്രീ അപ്രൂവ്ഡ് ലോൺസ് എന്നു വിളിക്കാം. കുറഞ്ഞ പ്രോസസിങ് ചാർജും പലിശനിരക്കും നൽകി ചില ബാങ്കുകൾ ഈ ഓഫറിനെ കൂടുതൽ ആകർഷകമാക്കാറുണ്ട്.

ഒരു ലോൺ അപ്രൂവ് ചെയ്ത് കിട്ടാൻ എന്തൊക്കെ പുലിവാലുകളാണ്. എത്ര തവണ ബാങ്ക് കയറി ഇറങ്ങണം. എന്നാൽ ഇത്തരം തലവേദന ഒന്നും ഇല്ലാതെ പേഴ്സണൽ ലോണും ഭവന വായ്പയും ഒക്കെ ഓൺലൈനായി സ്വാന്തമാക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.. അതുകൊണ്ടു തന്നെ ഈ മുൻകൂർ വായ്പകൾ ഉപഭോക്താക്കൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാണ്. മണിക്കൂറുകൾക്കുള്ളിൽ അപ്രൂവൽ കിട്ടുന്ന ക്രെഡിറ്റ് കാർഡ് ലോണുകൾ ഉദാഹരണം.

ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ ഏജൻറുമാരും ഇത് സംബന്ധിച്ച സന്ദേശം അയക്കാറുണ്ട്. എസ്ബിഐ യോനോ മുഖേന അപേക്ഷിയ്ക്കാവുന്ന എമർജൻസി ലോൺ ഇത്തരം പ്രീ അപ്രൂവ്ഡ് ലോൺ ആണ് എന്നോർക്കാം. 45 മിനിറ്റിനുള്ളിൽ അപ്രൂവൽ ലഭിയ്ക്കും എന്നതാണ് സവിശേഷത. പക്ഷേ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പരസ്യം കൊണ്ടു മാത്രം എല്ലാവർക്കും വായ്പ കിട്ടണം എന്നില്ല-------പ്രീ അപ്പൂവ്ഡ് വായ്പകളുടെ അർഹത പരിശോധിയ്ക്കാൻ അപേക്ഷകർക്ക് കഴിയും. എല്ലാവർക്കും വായ്പ ലഭിയ്ക്കണമെന്നില്ല. ലോണിന് അർഹത ഉണ്ടെങ്കിലും ധനകാര്യസ്ഥാപനത്തിൻറെ തീരുമാനത്തിന് അനുസരിച്ച് നിഷേധിയ്ക്കപ്പെടാനും മതി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ലോൺ സ്ഥാപനത്തിൻറേത് ആണ്. കൊളോറ്ററൽ സെക്യൂരിറ്റി നൽകേണ്ട എന്നതാണ് ഇത്തരം ലോണുകളുടെ പ്രധാന ആകർഷണം.

ഓഫറുകൾ ശ്രദ്ധിക്കണം. ഉദാഹരണത്തിന് കുറഞ്ഞ പലിശ ഓഫർ ചെയ്തിരിക്കുന്നത് ഒരു നിശ്ചിത സമയത്തിന് മാത്രമായിരിക്കും. നിങ്ങൾ ആ സമയം കഴിഞ്ഞാണ് ഓൺലൈനിൽ പ്രീ അപ്രൂവ്ഡ് ലോണിന് ശ്രമിക്കുന്നതെങ്കിൽ ചിലപ്പോൾ ഭീകരമായ പലിശ നൽകേണ്ടി വരും.

ഒരു ഓഫർ കണ്ട് ചാടിക്കയറി വാങ്ങുന്നതിന് മുമ്പ്. മറ്റു ബാങ്കുകളുടെ സമാനമായ ഓഫറുകൾ പരിശോധിക്കണം. ഏത് ബാങ്കിൽ നിന്നാണെങ്കിൽ ഉറപ്പാക്കിയാൽ പിന്നെ അതിന്റെ വല്ല കാണാത്ത ചെലവുകളും ഉണ്ടോയെന്ന് കൃത്യമായി അനേ്വഷിക്കണം. പ്രോസസിങ് ഫീസ്, വാല്വേഷൻ ഫീസ്, ലോൺ നേരത്തെ അടയ്ക്കുമ്പോൾ വരുന്ന നിബന്ധനകൾ എന്നിവ വ്യക്തമായി തന്നെ ചോദിച്ചു മനസ്സിലാക്കണം. 

വായ്പാ അന്വേഷണങ്ങൾക്ക് ക്രെഡിറ്റ് സ്കോർ കുറയില്ല--------ധനകാര്യ സ്ഥാപനങ്ങളിൽ നടത്തുന്ന ലോൺ എൻക്വയറികൾ ക്രെഡിറ്റ് സ്കോർ കുറയ്ക്കാൻ ഇടയാക്കുമെങ്കിലം പ്രീ അപ്രൂവ്ഡ് ലോൺ സംബന്ധിച്ച എസ്എംഎസോ മറ്റ് അറിയിപ്പോ ലഭിച്ചതിന് ശേഷം നടത്തുന്ന അന്വേഷണങ്ങൾ ക്രെഡിറ്റ് സ്കോർ കുറയ്ക്കില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ലഭ്യതയല്ല ആവശ്യം മുൻ നിർത്തിയാണ് ഇത്തരം ലോണുകൾക്ക് അപേക്ഷിയ്ക്കേണ്ടത്. വേഗം കിട്ടുമെന്ന് കരുതി ലോണെല്ലാം വാങ്ങി വെച്ചാൽ പിന്നീട് അടയ്ക്കാൻ ബുദ്ധിമുട്ടുമെന്ന കാര്യം മറക്കരുത്.

Share Article:
what is pre-approved loan? things want to care and how to apply for loan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES