വാഷിങ്ടണ്‍: അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. അനുകൂലമായ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തിലാണ് സുപ്രധാനമായ ഈ തീരുമാനം പുറത്തുവന്നത്. ഇതോടെ അമേരിക്കയിലെ അടിസ്ഥാന പലിശ നിരക്ക് .5ല്‍ നിന്നും .75 ആയി ഉയര്‍ന്നു.
2015 ഡിസംബറിലാണ് .25ല്‍ നിന്നും .5 ആയി ഉയര്‍ത്തിയത്. പത്തു വര്‍ഷത്തിനിടെ ഫെഡ് റിസര്‍വ് നടത്തുന്ന രണ്ടാമത്തെ വര്‍ധനവാണ് അധ്യക്ഷ ബുധനാഴ്ച പ്രഖ്യാപിച്ചത്. തീരുമാനം ഓഹരി, സ്വര്‍ണ വിപണികളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. പലപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റി ബോണ്ടുകള്‍ക്കും കടപ്പത്രങ്ങള്‍ക്കും കൂടുതല്‍ പലിശ നല്‍കാന്‍ സാധിച്ചാല്‍ ആളുകള്‍ സ്വര്‍ണത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
അമേരിക്കയിലെ നാമമാത്രമായ പലിശ തന്നെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ പണം ഒഴുകാനുള്ള ഒരു പ്രധാന കാരണം. നാട്ടില്‍ തന്നെ കൂടുതല്‍ വരുമാനം കിട്ടുന്ന സാഹചര്യം വന്നാല്‍ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പല വിദേശനിക്ഷേപ സ്ഥാപനങ്ങളും പിന്‍വലിയുമെന്ന കാര്യം തീര്‍ച്ചയാണ്.