കോഴിക്കോട് എൻഐടിക്ക് 5ജി യൂസ് കേസ് ലാബ് പ്രധാനമന്ത്രി സമർപ്പിച്ചു

കോഴിക്കോട് എൻഐടിക്ക് 5ജി യൂസ് കേസ് ലാബ് പ്രധാനമന്ത്രി സമർപ്പിച്ചു

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന് 5 ജി യൂസ്-കേസ് ലബോറട്ടറി ലഭിച്ചു. വിവരവിനിമയത്തിലും വയർലെസ്സ് കണക്റ്റിവിറ്റിയിലും ഗവേഷണം വർദ്ധിപ്പിക്കുന്നതിനും ഉൾപ്രദേശങ്ങളിൽ വിവര വിനിമയ മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ലാബ് ലഭിച്ചത്. കേന്ദ്രസർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ '100 5 ജി ലാബ്' എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ലാബ് ലഭിച്ചത്. 5 ജി മേഖലയിൽ ഗവേഷണ അവസരങ്ങൾ പരിചയപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയെയും സ്റ്റാർട്ടപ്പുകളെയും 6 ജി-റെഡി ആക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി '100 5 ജി യൂസ്-കേസ് ലാബ് സംരംഭത്തിന് തുടക്കം കുറിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിനും രാജ്യത്തെ മറ്റ് 99 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അദ്ദേഹം 5 ജി യൂസ്-കേസ് ലാബ് നൽകി.

 

ഒരോ സ്ഥാപനവും സമർപ്പിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളിൽ നിന്നുള്ള അധ്യാപകരുടെ സംഘമാണ് കാലിക്കറ്റ് എൻഐടിക്കു വേണ്ടി പ്രൊജക്റ്റ് തയ്യാറാക്കി സമർപ്പിച്ചത്.

 

കോഴിക്കോട് എൻ ഐ ടി യിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. നുജൂം സഗീർ കാരാട്ട്, ഡോ. ശ്രീനിവാസറാവു സി എന്നിവർ ന്യൂ ഡൽഹിയിൽ നടന്ന പരിപാടിയിൽ എൻ ഐ ടി സി യെ പ്രതിനിധീകരിച്ച് പങ്കെടുത്തു. എൻഐടിസി യിലെയും അതോടൊപ്പം കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കോഴിക്കോട് എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് സ്പ്രിംഗ് വാലി സ്കൂൾ എന്നിവിടങ്ങളിലെയും അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി ആയിരത്തിഅഞ്ഞൂറിലധികം അംഗങ്ങൾ ഓൺലൈൻ ആയി പരിപാടിക്ക് സാക്ഷ്യം വഹിച്ചു. 

 

 

5 ജി ലാബുകളും അനുബന്ധ ഗവേഷണങ്ങളും സാമൂഹിക-സാമ്പത്തിക മേഖലകളിൽ വികസനം പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗവേഷണത്തിനും അവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും യുവാക്കൾ ലാബ് പരമാവധി ഉപയോഗപ്പെടുത്തും. മുമ്പത്തെ വയർലെസ് വിപ്ലവങ്ങളിൽ നിന്ന് വ്യത്യസ്തമായി 5 ജി / 6 ജി സാങ്കേതിക വികസനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ പോകുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ, അക്കാദമിക് വിഭാഗം ഡീൻ പ്രൊഫ. സമീർ എസ്. എം എന്നിവർ സംവദിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. വിനയ് ജോസഫ് '5 ജി, ഒരു ആമുഖം' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ വിവര വിനിമയ മേഖലയിലെ സമീപകാല മുന്നേറ്റങ്ങൾ വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി കോഴിക്കോട് എൻഐടിയിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Share Article:
Kozhikode NIT 5G use case lab inaugurated by primeminister

RECOMMENDED FOR YOU:

no relative items