ഇന്‍ഡെല്‍മണി ആയിരം രൂപ മുഖവിലയുള്ള 50 കോടിയുടെ കടപ്പത്രം ഇറക്കുന്നു

ഇന്‍ഡെല്‍മണി ആയിരം രൂപ മുഖവിലയുള്ള 50 കോടിയുടെ കടപ്പത്രം ഇറക്കുന്നു

സ്വര്‍ണ പണയ വായ്പാ രംഗത്തെ മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണി ആയിരം രൂപ വീതം മുഖവിലയുള്ള 50 കോടി രൂപയുടെ  കടപ്പത്രം ഇറക്കുന്നു. മാറ്റാന്‍ കഴിയാത്ത, തികച്ചും സുരക്ഷിതമായ കടപ്പത്രങ്ങളാണ് (എന്‍സിഡി) മൂന്നാമത് ഐപിഒ യിലൂടെ ഇന്‍ഡെല്‍മണി പുറത്തിറക്കുന്നത്. ജൂണ്‍ ആറു മുതലാണ് വിതരണം തുടങ്ങുക. ജൂണ്‍ 19 ന് അവസാനിക്കും. ഇതിനിടെ പൂര്‍ണ്ണമായി വില്‍പന നടന്നാല്‍ നിശ്ചിത സമയത്തിനു മുമ്പു തന്നെ വിതരണം നിര്‍ത്തുന്നതിനു വ്യവസ്ഥയുണ്ട്. നിക്ഷേപകരുടെ താല്‍പര്യം കൂടുതലാണെങ്കില്‍ 100 കോടി രൂപ വരെയുള്ള കടപ്പത്രങ്ങള്‍ ഇറക്കും. വിവോ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഇതു സംബന്ധിച്ച ജോലികള്‍ക്ക്  കാര്‍മ്മികത്വം  വഹിക്കുക.  

മത്സര ക്ഷമത പരമാവധി ഉപയോഗിച്ച്,  സ്വര്‍ണ വായ്പാ വ്യവസായരംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന്   ഇന്‍ഡെല്‍മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. പുതിയ ശാഖകള്‍ തുറന്ന് വായ്പാ സംവിധാനം വികസി്പ്പിച്ച് വളര്‍ച്ചയുടെ പുതിയ മേഖലകള്‍ തേടും.  വര്‍ധിച്ച വരുമാനം, ലാഭം, കൂടിയ തോതിലുള്ള സാന്നിധ്യം എന്നിവയാണ് ശാഖാ ശൃംഖലയെ മുന്നോട്ടു നയിക്കുക. പുതിയ കടപ്പത്രങ്ങളിലൂടെ പണമൊഴുക്ക് ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി ഇറക്കുന്ന എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് ട്രിപ്പിള്‍ ബി പ്‌ളസ് സ്റ്റേബിള്‍ ക്രിസില്‍ റേറ്റിംഗ് ഉണ്ട്. 72 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയായി വര്‍ധിക്കും. പ്രതിവര്‍ഷം 12.25 ശതമാനം കൂപ്പണ്‍ യീല്‍ഡും ലഭ്യമായിരിക്കും.  400 ദിവസം മുതല്‍ 72 മാസം വരെയാണ് കടപ്പത്രങ്ങളുടെ കാലാവധി. എന്‍സിഡികള്‍ക്കായി കൂറഞ്ഞത് 10,000 രൂപയുടെയെങ്കിലും അപേക്ഷ നല്‍കണം. ഡീമെറ്റീരിയലൈസ്ഡ് രൂപത്തില്‍ ട്രേഡിംഗ് നടത്തുന്ന ഈ എന്‍സിഡികള്‍ മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പബ്‌ളിക് ഇഷ്യൂവിലൂടെ സ്വരൂപിക്കുന്ന പണത്തിന്റെ 75 ശതമാനം  തുടര്‍ന്നുള്ള വായ്പകള്‍ക്കും കമ്പനി വായ്പകളുടെ മൂതലിലേക്കും പലിശയിലേക്കും ബാക്കിയുള്ള 25 ശതമാനം പൊതു കോര്‍പറേറ്റ്   ആവശ്യങ്ങള്‍ക്കുമാണുപയോഗിക്കുക.

2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1154 കോടി രൂപയുടെ സ്വര്‍ണ ആസ്തിയാണ് ഇന്‍ഡെല്‍ കൈകാര്യം ചെയ്തത്. 2022 സാമ്പത്തിക വര്‍ഷം ഇത് 669 കോടി രൂപയായിരുന്നു. നടപ്പു വര്‍ഷം 81 ശതമാനം വളര്‍ച്ചയോടെ  2100 കോടി രൂപയാണ് കമ്പനിയുടെ ലക്ഷ്യം. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 90 ശതമാനം സ്വര്‍ണ വായ്പ  ആക്കാനാണ് ശ്രമിക്കുന്നത്.  2022 ഡിസമ്പര്‍ 31 ലെ കണക്കുകളനുസരിച്ച് ഇത് 80.62 ശതമാനമായിരുന്നു.

ഇന്‍ഡെല്‍മണിയുടെ 100 കോടി രൂപയുടെ രണ്ടാമത്തെ ഐപിഒ ഇഷ്യു 2022 മെയ് മാസത്തിലായിരുന്നു. 2024 സാമ്പത്തിക വര്‍ഷം കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  സ്വര്‍ണ വായ്പകള്‍ക്കാണ് ഈ പണം ഉപയോഗിക്കുക.  2023-24 സാമ്പത്തിക വര്‍ഷം സ്വകാര്യ ഓഹരികള്‍ (പിഇ) സംഭരിക്കാനും പദ്ധതിയുണ്ട്.   2025 സാമ്പത്തിക വര്‍ഷത്തോടെ 11 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 405 ശാഖകളാണ് കമ്പനിയുടെ ലക്ഷ്യം.

Keralafinance
Investment
Share Article:
Indel money to offer ncd public issue

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES