ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആകര്‍ഷകമായ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയില്‍ നേരത്തെയുണ്ടായിരുന്ന, ഇപ്പോഴും ലഭ്യമായ ഒരു വായ്പാ സൗകര്യത്തെ പരിചയപ്പെടുത്തുകയാണ്. നിങ്ങള്‍ ഒരു ബിസിനസുകാരനാണോ ? ഇടക്കിടെ പണത്തിന്റെ ആവശ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കു യോജിച്ച പരിപാടിയാണ് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ്.
പുതിയ തരം സ്വര്‍ണ വായ്പാ പദ്ധതിയെന്ന് ഇതിനെ വിളിച്ചാലും കുഴപ്പമില്ല. നിങ്ങള്‍ സ്വര്‍ണം പണയം വെച്ചാല്‍ അര്‍ഹമായ തുക നിങ്ങളുടെ എക്കൗണ്ടിലേക്ക് പാസ് ചെയ്യും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അത്രയും രൂപയുടെ ഓവര്‍ഡ്രാഫ്റ്റിന് നിങ്ങള്‍ അര്‍ഹനായി. അതേ സമയം പലിശ നല്‍കേണ്ടതില്ല.
എത്ര രൂപയാണോ പിന്‍വലിക്കുന്നത് അതിനു മാത്രം ബാങ്ക് പലിശ ഈടാക്കുകയുള്ളൂ. വായ്പാ കാലവധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും അര്‍ഹമായ തുക എടുക്കാനും തിരിച്ചടയ്ക്കാനും അനുവദിക്കുന്നു. ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതി. സാധാരണ വായ്പയില്‍ ഒറ്റതവണയേ തുക പിന്‍വലിക്കാന്‍ പറ്റൂ. പണം എക്കൗണ്ടില്‍ സൂക്ഷിച്ചാലും പലിശ മുഴുവന്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ സ്‌കീമില്‍ പിന്‍വലിച്ച തുകയ്ക്ക് മാത്രം പലിശ.
മാര്‍ക്കറ്റ് വിലയുടെ 60 മുതല്‍ 65 ശതമാനം വരെ വായ്പ ലഭിക്കും. 22 കാരറ്റ് സ്വര്‍ണം പോലും ഈടായി സ്വീകരിക്കും. പണത്തിന് അത്യാവശ്യം വന്നാല്‍ ഡെബിറ്റ് കാര്‍ഡോ ചെക്കോ ഉപയോഗിച്ച് പണം പിന്‍വലിക്കാം. പേഴ്‌സണല്‍ ലോണുകളേക്കാള്‍ എന്തുകൊണ്ടും ലാഭകരമാണ്.
ഫെഡറല്‍ ബാങ്കിന്റെ അപ്‌ന ഗോള്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിപ് ഗോള്‍ഡ് പവര്‍, വിജയ ബാങ്കിന്റെ ഗോള്‍ഡ് ക്യാഷ് ക്രെഡിറ്റ് എന്നിവ ഇത്തരത്തിലുള്ള സ്‌കീമുകളാണ്. ഫെഡറല്‍ ബാങ്ക് ഒരു വര്‍ഷത്തിനും വിജയാ ബാങ്ക് രണ്ടു വര്‍ഷത്തിനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്നു വര്‍ഷത്തിനുമാണ് ഓഡി നല്‍കുന്നത്. പലിശ നിരക്ക് വ്യക്തിഗത വായ്പയേക്കാളും കുറവായിരിക്കും.