തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതന കുടിശിക ഉള്‍പ്പെടെ ശേഷിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ചെലവിനായി കേന്ദ്രസര്‍ക്കാര്‍ 1061 കോടി രൂപ അനുവദിച്ചതായി ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
വേതനം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന നാഷണല്‍ ഇ.എഫ്.എം.എസ് സമ്പ്രദായം ജനുവരി ഒന്നിന് നിലവില്‍ വന്നു. ഇന്ത്യയില്‍ ആകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ സമ്പ്രദായം കേരളത്തില്‍ ആദ്യമായി നടപ്പാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
നാളിതുവരെ തൊഴിലാളികള്‍ക്കു നല്‍കേണ്ടവേതനം സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും തുടര്‍ന്ന് സംസ്ഥാന തലത്തിലുള്ള നോഡല്‍ ബാങ്കില്‍ നിന്നും എല്ലാ തൊഴിലാളികളുടേയും ബാങ്ക് അക്കൗണ്ടിലേയ്ക്ക് തുക നല്‍കുകയും ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്.
ഇത് കാലതാമസത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ പുതിയ സമ്പ്രദായത്തില്‍ ഓരോ ദിവസവും നല്‍കേണ്ട വേതനതുക കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ദേശീയ തലത്തില്‍ നോഡല്‍ ബാങ്കായി തെരഞ്ഞെടുത്തിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് (എസ്.ബി.റ്റി) കൈമാറി 48 മണിക്കൂറുകള്‍ക്കകം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ വേതന വിതരണം നടത്തുന്നതാണ്. പുതിയ സമ്പ്രദായത്തില്‍ വിവിധ തട്ടുകള്‍ ഒഴിവാക്കുന്നതു മൂലം വേതന വിതരണം ദ്രുതഗതിയിലാക്കുവാന്‍ കഴിയും.