മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ നിന്നും നല്കിയിട്ടുളള വാഹന ലൈസന്‍സ് ഉപയോഗിച്ച് സംസ്ഥാനത്ത് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സുകളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഏത് സാഹചര്യത്തിലാണ് അന്യ സംസ്ഥാനത്തുനിന്നും ലൈസന്‍സ് എടുത്തത് എന്നുളള കാര്യവും പരിശോധിക്കണം. ലൈസന്സുകളെപ്പറ്റി സംശയമുളളപക്ഷം രസീത് നല്കി അവ പിടിച്ചെടുക്കേണ്ടതും അവയുടെ നിജസ്ഥിതി അവ നല്കിയ സംസ്ഥാനങ്ങളിലെ അധികാരികളില്‍ നിന്നും അന്വേഷിക്കേണ്ടതുമാണ്.
ലൈസന്‍സുകള്‍ വ്യാജമാണെന്ന് തെളിയുന്നപക്ഷം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പേരിലുളള വ്യാജ ലൈസന്‍സുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ലൈസന്‍സുകളുടെ വ്യാജ ഉറവിടങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അക്കാര്യം പോലീസ് വകുപ്പിനെ അറിയിക്കേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.