രാജ്യത്തെ നവോദയസ്കൂളുകളിലേക്ക് ആറാംതരത്തിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും നവോദയസ്കൂളുകളുണ്ട്. സ്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെയാണ് പ്രവേശനത്തിന് പരിഗണിക്കുക. നിലവിൽ ഏതെങ്കിലും അംഗീകൃത സ്കൂളിൽ അഞ്ചാംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനപരീക്ഷയ്കായി അപേക്ഷിക്കാം.
2008മെയ് ഒന്നിനും 2012 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരാവണം വിദ്യാർത്ഥികൾ. പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രായത്തിൽ ഇളവുണ്ടാകില്ല.
പ്രവേശനപരീക്ഷ ഏപ്രില്‍ 10നാണ് നടക്കുക. ഇതിനെ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് പന്ത്രണ്ടാംക്ലാസ് വരെ സിബിഎസ്ഇ സിലബസിലാവും പഠനം. ആകെയുള്ള സീറ്റുകളിൽ 75ശതമാനം സീറ്റുകൾ ഗ്രാമീണ മേഖലകളിൽ നിന്നുമുള്ള കുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. ഒരു ക്ലാസ്സിൽ 80വിദ്യാർത്ഥികൾക്കാണ് പ്രവേശനം.
ആറാംക്ലാസ്സിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ പന്ത്രണ്ടാം ക്ലാസ് വരെ തുടരാം. ഭക്ഷണം,താമസം,യൂണിഫോം എന്നിവയെല്ലാം സൗജന്യമായിരിക്കും. 9-12വരെ ക്ലാസ്സുകളിലുള്ളവർ മാസം 600 രൂപ ഫീസായി അടക്കേണ്ടതുണ്ട്. എസ്.സി, എസ്.ടി, പെൺകുട്ടികൾ, ബിപിഎൽ കാർഡുടമകൾ എന്നിവരെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയിൽ 100 മാർക്കിന്‍റെ 80 ചോദ്യങ്ങളാണുണ്ടാവുക്. ഭാഷ, മാനസികശേഷി, ഗണിതം എന്നിവയിൽ നിന്നുമുളള ചോദ്യങ്ങളുണ്ടാവും. നെഗറ്റീവ് മാർക്കുണ്ടാവില്ല.
www.navodaya.gov.in എന്ന വെബ്സൈറ്റിൽ പ്രോസ്പെക്ടസും അപേക്ഷഫോറവും ഡൗൺലോഡ് ചെയ്യാം. നവോദയ സ്കൂളുകളിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാം. 2021 ജൂണിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും. അപേക്ഷഫീസില്ല.