കല്യാണം എന്നു വേണം? എങ്ങനെ വേണം? എന്നീ കാര്യങ്ങളെ കുറിച്ച് പലരും ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകും. എന്നാല്‍ വിവാഹത്തിനു മുമ്പ് ഇരുവരും സാമ്പത്തിക വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തണമെന്നു പറഞ്ഞാല്‍ ചിലരെങ്കിലും അതിനോട് യോജിക്കില്ല. എന്നാല്‍ അങ്ങനെ ചെയ്യുന്നത് നല്ലതാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വിവാഹത്തിന് മുമ്പ് ഇരുവരും ചര്‍ച്ച ചെയ്യേണ്ട അഞ്ചു കാര്യങ്ങളാണ് താഴെ പറയുന്നത്. ഒരു കാര്യം ഉറപ്പാണ്, വിവാഹം കഴിച്ച ഭൂരിഭാഗം പേരും ഇത്തരമൊരു ചര്‍ച്ച നടത്തിയിട്ടുണ്ടാകില്ല.
എന്താണ് രണ്ടു പേരുടെയും ലക്ഷ്യം
രണ്ടു പേര്‍ക്കും സ്വപ്‌നങ്ങളുണ്ടാകും. സാമ്പത്തികമായ ലക്ഷ്യങ്ങളുണ്ടാകും. ഇതിനെ പ്രാധാന്യമനുസരിച്ച് ലിസ്റ്റ് ചെയ്തു വെയ്ക്കണം. പലപ്പോഴും സമാനമായ ലക്ഷ്യങ്ങളുണ്ടാകും. അതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം.
കടവും സ്വത്തും
വിവാഹം കഴിയ്ക്കാന്‍ പോകുന്ന ആളോട് എല്ലാം തുറന്നു പറയുന്നതാണ് നല്ലത്. ഭര്‍ത്താവിന്റെ ശമ്പളം ചോദിക്കരുതെന്ന് പറയുന്ന കാലം കഴിഞ്ഞു. എത്ര കടമുണ്ട്? എത്രയാണ് ആസ്തി? വരുമാനം കൃത്യമായി പറഞ്ഞില്ലെങ്കിലും ഏകദേശം ഒരു ധാരണ പങ്കാളിക്ക് നല്‍കണം.
റിട്ടയര്‍മെന്റ് പ്ലാന്‍
വിവാഹം കഴിയ്ക്കാന്‍ പോകുന്നേയുള്ളൂ. എങ്കിലും റിട്ടയര്‍മെന്റിനെ കുറിച്ച് ഇപ്പോള്‍ തന്നെ പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്. രണ്ടുപേരുടെയും വാര്‍ധക്യകാലം സുഗമമായി മുന്നോട്ടു പോകുന്നതിന് എത്ര പണം മാറ്റി വെയ്ക്കണമെന്ന കാര്യത്തില്‍ ധാരണയാകണം.
ബജറ്റ്
വരവിനനുസരിച്ച് ഒരു ബജറ്റ് ഉണ്ടാക്കാന്‍ ഇപ്പോള്‍ തന്നെ പങ്കാളിയുടെ സേവനം തേടുന്നത് നല്ലതാണ്. തീര്‍ച്ചയായും ആസൂത്രണം നടത്തുമ്പോള്‍ ഒരു എമര്‍ജന്‍സി ഫണ്ട് മാറ്റി വെയ്ക്കാന്‍ മറന്നു പോകരുത്. കാരണം അത്യാവശ്യങ്ങളാണ് പലപ്പോഴും പലരുടെയും സാമ്പത്തിക താളം തെറ്റിക്കുന്നത്.
ഉത്തരവാദിത്വം പങ്കുവെയ്ക്കല്‍
രണ്ടു പേര്‍ക്കും ഒരുമിച്ച് ചെയ്യാന്‍ കഴിയുന്ന പല ചെലവുകളും കാണും. ഇതിനായി ഒരു ജോയിന്റ് എക്കൗണ്ട് ആരംഭിക്കുന്നതിനെ കുറിച്ചും ഈ സമയത്ത് ആലോചിക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരാളുടെ ശമ്പളം ചെലവുകള്‍ക്കായി ഉപയോഗപ്പെടുത്തുകയും മറ്റെയാലുടെത് നിക്ഷേപത്തിനും സമ്പാദ്യത്തിനുമായി മാറ്റി വെയ്ക്കുകയും ചെയ്യാം.
പ്ലാനിങ് പൂര്‍ത്തിയായാല്‍ ഇക്കാര്യങ്ങളെല്ലാം ഒരു ഡോക്യുമെന്റാക്കി വെയ്ക്കുന്നത് നല്ലതാണ്. വിവാഹത്തിനു ശേഷം പേരില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അത് എന്തായിരിക്കണമെന്നും ഈ സമയത്ത് തീരുമാനിക്കാം. സാമ്പത്തിക ഇടപാടുകള്‍ സ്മൂത്തായി നടക്കുന്നതിന് മാര്യേജ് സര്‍ട്ടിഫിക്കറ്റ് സഹായിക്കും. നേരത്തെ നടത്തിയ പല നിക്ഷേപങ്ങളിലും നോമിനിയുടെ പേര് മാറ്റേണ്ടി വരുമെന്ന കാര്യവും ഓര്‍മിക്കുക. രണ്ടു പേരും നടത്തുന്ന നിക്ഷേപങ്ങളുടെ കോപ്പി പരസ്പരം ഷെയര്‍ ചെയ്യുക.
രണ്ടു പേരും ജോലിക്കാരാകുന്ന സാഹചര്യത്തിലാണ് മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായി വരിക. അവസാനമായി പറയാനുള്ളത് ശാസ്ത്രീയമായി കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 'പാത്രം അറിഞ്ഞ് ഭക്ഷണം വിളമ്പുക'യെന്നതാണ്. വിവാഹത്തിന് മുമ്പ് ആവശ്യമില്ലാത്ത വിവരങ്ങള്‍ ഷെയര്‍ ചെയ്ത് പുലിവാല് പിടിയ്ക്കാന്‍ പോകരുതെന്ന് ചുരുക്കം.