കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം ത്രൈമാസാടിസ്ഥാനത്തില്‍ നാലു ശതമാനം വര്‍ധനവോടെ 934 കോടി രൂപയിലെത്തി. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 65,085 കോടി രൂപയിലും എത്തിയിട്ടുണ്ട്. മൂന്നാം ത്രൈമാസത്തില്‍ 54 പുതിയ ശാഖകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായ റിഡീമബിള്‍ എന്‍സിഡികളുടെ 28, 29 പതിപ്പുകള്‍ വഴി 422 കോടി രൂപ കമ്പനി ശേഖരിച്ചിട്ടുണ്ട്.
സ്ഥിരമായ പ്രകടനം ചൂണ്ടിക്കാട്ടുന്നതാണ് ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകളെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. സബ്സിഡിയറികള്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ ചെറിയ വര്‍ധനവോടെ 12 ശതമാനത്തിലെത്തിയിട്ടുണ്ട്. സ്വര്‍ണ ഇതര മേഖലയിലും തങ്ങള്‍ വര്‍ധനവു പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായ്പാ ആസ്തികളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ആറു ശതമാനം വര്‍ധനവാണു മുത്തൂറ്റ് ഫിനാന്‍സ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. പലിശ നിരക്കിന്‍റെ കാര്യത്തില്‍ മൊത്തത്തില്‍ ഉണ്ടായ വര്‍ധനവിന്‍റെ ഫലമായി വായ്പാ ചെലവ് ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ആസ്തികളില്‍ നിന്നുള്ള വരുമാനം ഈ ത്രൈമാസത്തില്‍ 6.27 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.