ഡിജിറ്റല്‍ ജേര്‍ണലിസത്തിന്റെ ഭാവി എന്തായിരിക്കും?

ഡിജിറ്റല്‍ ജേര്‍ണലിസത്തിന്റെ ഭാവി എന്തായിരിക്കും?

ഡിജിറ്റല്‍ ജേര്‍ണലിസം രംഗത്ത് വന്‍ മാറ്റങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായിട്ടുള്ളത്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം തന്നെ ഈ മേഖലയിലേക്ക് കോടികള്‍ ഒഴുക്കുാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. പത്രത്തെയും ചാനലിനെയും പോലെ വെബ്ബിനായി ബ്യൂറോകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ മാതൃഭൂമിയും മനോരമയും പോലും. ഇതിനര്‍ത്ഥം ഈ മേഖല വളരുന്നുവെന്ന് തന്നെയാണ്. എന്താണ് വെബ് ജേര്‍ണലിസത്തെ വേറിട്ടു നിര്‍ത്തുന്നത്?

വെബ്ബിലൂടെ വാര്‍ത്തയ്ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ അറിയാനാണ് ആളുകള്‍ക്ക് പലപ്പോഴും താത്പര്യം. പണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ യുവാക്കളുടെ മാത്രം മീഡിയ ആയിരുന്നെങ്കില്‍ ഇന്ന് നമുക്ക് അങ്ങനെ പറയാന്‍ സാധിക്കില്ല. ഇതോടെ വാര്‍ത്തയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളും വിശകലനങ്ങളും കൂടുതല്‍ ഗൗരവബോധത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

പഴയ കാല ജേര്‍ണലിസം റിപ്പോര്‍ട്ടര്‍മാരെ കേന്ദ്രീകരിച്ചാണെങ്കില്‍ പുതിയ പത്രപ്രവര്‍ത്തനത്തില്‍ അവര്‍ ഡാറ്റ കലക്ടിങ് ഏജന്റുകള്‍ മാത്രമാണ്. അവര്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പത്രങ്ങള്‍ക്കും ടെലിവിഷനും നല്‍കാന്‍ കഴിയാത്ത ഒരു തലം നല്‍കാനാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനര്‍ത്ഥം ഡാറ്റകള്‍ വെച്ച് തിരക്കഥയെഴുതിയുണ്ടാക്കണം എന്നല്ല. മറിച്ച് അവയെ ശാസ്ത്രീയമായി വിലയിരുത്തി, ഉചിതമായ മറ്റു ഡാറ്റകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ടാക്കുന്നതോടെ ഓണ്‍ലൈനില്‍ കൂടുതല്‍ സ്വീകാര്യമാകുന്നു.

അതുകൊണ്ട് തന്നെ ഡിജിറ്റല്‍ മീഡിയാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ കൂടുതല്‍ അറിവ് നേടുന്നത് നല്ലതാണ്. അതേ, സ്പെഷ്യലൈസ്  ചെയ്യുന്നത്. ഉദാഹരണത്തിന് ക്രിക്കറ്റിനെ കുറിച്ച് നല്ല സ്‌റ്റോറികള്‍ എഴുതാന്‍ അറിയുന്ന ഒരാളാണെങ്കില്‍ അയാളുടെ വാര്‍ത്തകള്‍ എവിടെയായാലും ആളുകള്‍ തപ്പിയെടുത്ത് വായിക്കും. ഒരു പുതിയ മത്സരം വരികയാണെങ്കില്‍ അക്കാര്യത്തില്‍ അയാളുടെ റിപ്പോര്‍ട്ട് എന്താണെന്നറിയാന്‍ എല്ലാവര്‍ക്കും താത്പര്യം കാണും. ഡാറ്റകളും വിശകലനങ്ങളും ഉള്‍കൊള്ളുന്നതായിരിക്കണം ഒരു നല്ല ഓണ്‍ലൈന്‍ സ്‌റ്റോറിയെന്ന് ചുരുക്കം.

ഡിജിറ്റല്‍ ലോകത്ത് വായനയെന്നത് ഏകപക്ഷീയമായ ഒരു പ്രക്രിയ അല്ല. ഓരോ വാര്‍ത്തയിലും ഇടപെടണമെന്ന് വായനക്കാരന്‍ ആഗ്രഹിക്കുന്നുണ്ട്. വാര്‍ത്തയുടെ താഴെ തന്റെ അഭിപ്രായം രേഖപ്പെടുത്തി വായനക്കാരന്‍ നിങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നുണ്ടാകും. സാധാരണക്കാരന്‍ മുതല്‍ പണ്ഡിതര്‍ വരെ ഇത്തരത്തില്‍ അഭിപ്രായ പ്രകടനങ്ങളുമായെത്തും.

ചുരുക്കത്തില്‍ ഒരു വാര്‍ത്ത സബ്മിറ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലി അവസാനിക്കുന്നില്ലെന്ന് ചുരുക്കം. ഇത്തരം കമന്റുകള്‍ ശ്രദ്ധയോടെ വായിക്കുകയും അതില്‍ ഉചിതമായതിന് മറുപടി നല്‍കുകയും വേണം. ചിലപ്പോള്‍ തെറ്റുപ്പറ്റിയുണ്ടാകും. വസ്തുതാപരമായതും ഭാഷാപരവുമായ തെറ്റുകള്‍ തിരുത്താനും വായനക്കാരുമായി കൂടുതല്‍ ആശയവിനിമയം നടത്താനും സാധിക്കണം. സ്വാഭാവികമായും സിനിമ, ഗോസിപ്പ്, ക്രൈം വാര്‍ത്തകള്‍ക്കാണ് ഓണ്‍ലൈനില്‍ തിക്കും തിരക്കും അനുഭവപ്പെടുന്നത്. ഒരു നല്ല ഓണ്‍ലൈന്‍ മാധ്യമം, ഈ ട്രെന്‍ഡിനെ ബുദ്ധിപരമായി ബാലന്‍സ് ചെയ്യുകയാണ് വേണ്ടത്.

എന്താണ് ഓണ്‍ലൈന്‍ ജേര്‍ണലിസത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന കാര്യം? ഇന്ത്യയിലെ ബഹുഭൂരിഭാഗം പേരും നെറ്റില്‍ സൗജന്യമായ വായന ഇഷ്ടപ്പെടുന്നവരാണ്. മുന്നോട്ടുള്ള യാത്രയില്‍ ഓരോ വെബ് സൈറ്റിനും പണം ഈടാക്കേണ്ട ഒരു സാഹചര്യം വന്നാല്‍ അതോടെ ഈ മേഖലയുടെ കുതിപ്പിന് അവസാനമാകും. പത്രങ്ങളും ചാനലുകളും നടത്തുന്ന കമ്പനികളാണ് ഇപ്പോള്‍ പല ഓണ്‍ ലൈന്‍ മാധ്യമങ്ങളും നിയന്ത്രിക്കുന്നത്. അവര്‍ ഈ മേഖലയിലേക്ക് ശ്രദ്ധ കൊണ്ടു വരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഇതിനു പ്രധാനകാരണം ഡിജിറ്റല്‍ മേഖലയിലേക്ക് കമ്പനികള്‍ പരസ്യത്തിനായി പണം ഒഴുക്കാന്‍ തുടങ്ങിയെന്നതാണ്. അതേ സമയം വന്‍കിട കുത്തക കമ്പനികള്‍ നേരിട്ട് ഇപ്പോഴും ഡിജിറ്റല്‍ മീഡിയ പബ്ലിഷിങ് രംഗത്തേക്ക് ഇറങ്ങാന്‍ തയ്യാറാകാത്തതിനു പ്രധാനകാരണം മേല്‍പ്പറഞ്ഞതാണ്. നിലവില്‍ ഒരു ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മുറുകുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ ഭാവി തന്നെയാണ് ഡിജിറ്റല്‍ മീഡിയയുടെ മുന്നോട്ടുള്ള യാത്രയും തീരുമാനിക്കുക. എന്തായാലും കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ണുവെച്ച് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് കാത്തിരുന്നു കാണാം. എന്തായാലും നാളെയുടെ മാധ്യമം ഇതു തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

 

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES