യു എസ് ടിക്ക് മികച്ച തൊഴിൽദാതാക്കൾക്കുള്ള മൂന്ന് സ്റ്റീവി അവാർഡുകൾ

യു എസ് ടിക്ക് മികച്ച തൊഴിൽദാതാക്കൾക്കുള്ള മൂന്ന് സ്റ്റീവി അവാർഡുകൾ

പ്രമുഖ ഡിജിറ്റൽ ട്രാസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി മൂന്ന് സ്റ്റീവി പുരസ്‌കാരങ്ങൾക്ക് അർഹമായി. മികച്ച തൊഴിൽ ദാതാക്കൾക്കുള്ള ആറാമത് 2021 സ്റ്റീവി അവാർഡുകളാണ് കമ്പനി പുരസ്‌ക്കാരങ്ങൾ നേടിയത്. ഇന്റേണൽ കമ്മ്യൂണിക്കേഷൻസ് ടീം ഓഫ് ദി ഇയർ എന്ന വിഭാഗത്തിൽ സിൽവർ സ്റ്റീവി, അച്ചീവ്‌മെന്റ് ഇൻ ഇന്റേണൽ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിൽ ബ്രോൺസ് സ്റ്റീവി, ബെസ്റ്റ് ലീഡർഷിപ് ഡെവലപ്മെന്റ്റ് പ്രോഗ്രാം വിഭാഗത്തിൽ ബ്രോൺസ് സ്റ്റീവി എന്നിങ്ങനെയാണ് യു എസ് ടി നേടിയ പുരസ്‌ക്കാരങ്ങൾ. ആഗോളതലത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പുരസ്ക്കാരങ്ങൾ ആണ്  സ്റ്റീവി അവാർഡ്‌സ്.

2020ലെ  പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ആശയവിനിമയത്തിനാണ്  'ഇന്റേണൽ കമ്മ്യൂണിക്കേഷൻസ് ടീം ഓഫ് ദി ഇയർ', ' അച്ചീവ്‌മെന്റ് ഇൻ ഇന്റേണൽ കമ്മ്യൂണിക്കേഷൻസ്' എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങൾ യുഎസ്‌ടിക്ക് ലഭിച്ചത്. തികച്ചും ബുദ്ധിമുട്ടുണ്ടാക്കിയ കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തിൽ ജീവനക്കാർക്കിടയിൽ ന്യൂസ് ലെറ്ററുകൾ, വീഡിയോ, പോഡ്കാസ്റ്റ് ചാനലുകൾ മറ്റ് ആശയവിനിമയ ഉപാധികൾ എന്നിവയിലൂടെ വാർത്താവിനിമയ സംവിധാനങ്ങൾ മികവുറ്റ രീതിയിൽ കമ്പനി നടപ്പിലാക്കുകയുണ്ടായി. ആശയ വിനിമയ സംവിധാനങ്ങളുടെ സുതാര്യവും സംവേദനാത്മകവുമായ രീതി ലോകമെമ്പാടും, വിദൂര തൊഴിൽ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വളരെ സഹായകമാവുകയായിരുന്നു. സാംസ്കാരികവും, ജീവനക്കാരെ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിൽ വലിയ പങ്കു വഹിച്ച കമ്പനിയുടെ സെർവന്റ് ലീഡർഷിപ് പ്രോഗ്രാമിലൂടെ ജീവനക്കാരുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ കഴിഞ്ഞതിനു ബെസ്ഡ് ലീഡർഷിപ്പ് ഡെവലപ്‌മെൻറ് പ്രോഗ്രാം വിഭാഗത്തിൽ സ്റ്റീവി അവാർഡ് കമ്പനി നേടുകയായിരുന്നു.  

"മികച്ച തൊഴിൽ ദാതാക്കൾക്കുള്ള 2021 ലെ സ്റ്റീവി പുരസ്‌കാരങ്ങൾ നേടാനായതിൽ യു എസ് ടി ക്ക് അതിയായ സന്തോഷമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും പ്രചോദനാത്മകവും സഹകരണപരവുമായ ഒരു തൊഴിലിടം കെട്ടിപ്പടുക്കാൻ യു എസ് ടിക്ക് കഴിഞ്ഞിട്ടുണ്ട്. 2020 ലെ പ്രതിസന്ധിക്കാലത്ത് പോലും ജീവിതങ്ങൾ മികച്ചതാക്കി മാറ്റിമറിക്കുക എന്ന യു എസ് ടി ആപ്തവാക്യം പ്രസക്തമാക്കാൻ കഴിഞ്ഞു. സീ ഇ ഒ മുതലിങ്ങോട്ടുള്ള ഉദ്യോഗസ്ഥരിൽ നിന്നും ജീവനക്കാരിലേയ്ക്ക് നിരന്തരം സന്ദേശങ്ങളെത്തിക്കാനും പുതിയ വിവരങ്ങൾ പങ്കുവയ്ക്കാനും, അതു വഴി ജീവനക്കാർക്ക് കമ്പനിയിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കാനും സാധിക്കുന്നുണ്ട്.  യു എസ് ടി യുടെ സെർവന്റ്റ് ലീഡർഷിപ് ഇനിഷ്യയെറ്റിവ് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടു എന്നതിൽ ചാരിതാർഥ്യമുണ്ട്," യു എസ് ടി ടാലന്റ്റ് ആൻഡ് ഓർഗനൈസേഷണൽ ട്രാസ്‌ഫോർമേഷൻ ആഗോള മേധാവിയായ കവിത കുറുപ്പ് അഭിപ്രായപ്പെട്ടു.

പുരസ്‌കാരങ്ങളെക്കുറിച്ചു സംസാരിച്ച യു എസ് ടി ഇന്റേണൽ കമ്യൂണിക്കേഷൻസ് മേധാവി അനുപമ രാജുവിന്റെ അഭിപ്രായത്തിൽ, "ഇപ്പോൾ ലഭിച്ച അവാർഡുകൾ യു‌എസ്‌ടിയുടെ ഉദ്ദേശ്യകേന്ദ്രീകൃത നേതൃത്വം, ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള സംസ്കാരം, മൂല്യങ്ങൾ, ആശയവിനിമയ പ്രവർത്തനങ്ങൾ എന്നിവയ്ക്ക്  തെളിവാണ്. യു‌എസ്‌ടിയുടെ ഇന്റേണൽ കമ്മ്യൂണിക്കേഷൻ ടീം വർക്ക്, സർഗ്ഗാത്മകത, കഴിവുകൾ എന്നിവയും അവർ അടിവരയിടുന്നു. 2020-ൽ, കമ്പനിയിലുടനീളമുള്ളവരുമായി സഹകരിക്കുകയും ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ആഗോളതലത്തിൽ കമ്പനിയെ ബന്ധിപ്പിക്കാനും ആശയവിനിമയത്തിലൂടെ ശാക്തീകരിക്കാനും ശ്രമിച്ചിട്ടുണ്ട്".

"ജീവനക്കാരുടെ യഥാർത്ഥ ശക്തിയിൽ യു എസ് ടി വിശ്വസിക്കുന്നു. ശരിയായ തൊഴിൽ സംസ്കാരത്തിലൂടെയും നേതൃത്വ തത്വശാസ്ത്രത്തിലൂടെയും മാത്രമേ ഇത് നേടാനാകൂ എന്ന് ഞങ്ങൾക്കറിയാം. ഈ അവാർഡ് ഞങ്ങളുടെ സേവക നേതൃത്വ ചിന്തയെ സാധൂകരിക്കുന്നുണ്ട്. ഈ അവാർഡ് ഞങ്ങളെ തേടിയെത്തിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്, കൂടാതെ പാരമ്പര്യേതര ടെക് കമ്പനിയെന്ന നിലയിൽ ഞങ്ങൾ സ്വയം വെല്ലുവിളികൾ സ്വീകരിക്കുമ്പോൾ യു എസ് ടി യിലെ ജീവനക്കാർ പകരുന്ന കരുത്ത് നിസ്തുലമാണ്. ജീവിതങ്ങൾ മികച്ചതാക്കി മാറ്റുന്നതിനുള്ള ഞങ്ങളുടെ പ്രയത്നം തുടരും, എന്ന് യു എസ് ടിയുടെ ലീഡർഷിപ് ഡെവലപ്മെന്റ്റ് ആഗോള മേധാവിയും സെർവന്റ്റ് ലീഡർഷിപ് ഇവാഞ്ചലിസ്റ്റുമായ മദന കുമാർ പറഞ്ഞു.

യു‌എസ്‌ടിയുടെ സെർവന്റ് ലീഡർഷിപ്പ് സംരംഭം കമ്പനിയെ കാലിക പ്രസക്തവുമാക്കുന്ന പരിവർത്തന നടപടികളുടെ അവിഭാജ്യ ഘടകമാണ്. ഈ സമഗ്രമായ നേതൃത്വ തത്ത്വചിന്ത ജീവനക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തങ്ങളെയും അംഗീകരിച്ചു കൊണ്ട്, അവരുടെ സമഗ്രമായ വികസനത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

2017 ലും 2019 ലും രണ്ട് സ്റ്റീവി അവാർഡുകളും 2016 ലും 2020 ലും ഓരോ സ്റ്റീവി അവാർഡും യു എസ് ടിക്ക് ലഭിച്ചിട്ടുണ്ട്. 2020 ൽ കമ്പനിക്ക് ഇന്റേണൽ കമ്യൂണിക്കേഷൻസ് ടീം ഓഫ് ദി ഇയർ ബഹുമതിയായി സ്റ്റീവി ബ്രോൺസ് നേടാനായി. 2019 ൽ, ഹ്യൂമൻ റിസോഴ്സ്സ് ടീം ഓഫ് ദി ഇയർ ബ്രോൺസ് പുരസ്‌ക്കാരവും, ടെക്നിക്കൽ പ്രൊഫഷണൽ ഓഫ് ദി  ഇയർ സിൽവർ പുരസ്‌ക്കാരവും ലഭിച്ചു. 2017 ൽ എംപ്ലോയർ ഓഫ് ദി ഇയർ (കമ്പ്യൂട്ടർ സർവീസസ്), അചീവ്മെന്റ് ഇൻ ഇന്റേണൽ കമ്യുണിക്കേഷൻ വിഭാഗങ്ങളിൽ സ്റ്റീവി ഗോൾഡ് ലഭിച്ചിരുന്നു. 2016 ൽ ബ്രോൺസ്, 2014 ൽ ഗോൾഡ് എന്നിവ ഹ്യൂമൻ റിസോഴ്സ്സ്സ് ഡിപ്പാർട്മെന്റ് ഓഫ് ദി ഇയർ വിഭാഗങ്ങളിൽ ലഭിച്ചു. 2021 ലെ സ്റ്റീവി അവാർഡുകൾ നവംബർ 17 നു ഒരു വിർച്യുൽ ചടങ്ങിൽ സമ്മാനിക്കും.
 

Keralafinance
News
Share Article:
UST wins Three 2021 Stevie Awards for Great Employers

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES