കൊച്ചി: യു.എസ്-ഇന്ത്യ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്‍ഡോവ്‌മെന്റ് ഫണ്ടിന്റെ (യുഎസ്‌ഐഎസ്ടിഎഫ്)രാജ്യാന്തര ഭരണസമിതി അംഗമായി സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ ശ്രീ സഞ്ജയ് വിജയകുമാറിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ.അശുതോഷ് ശര്‍മയാണ് സഞ്ജയ് വിജയകുമാറിനെ നാമനിര്‍ദ്ദേശം ചെയ്തതായി അറിയിച്ചത്. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലൂടെ സാങ്കേതിക സംരംഭങ്ങളും നൂതനമായ കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചാണ് യുഎസ്‌ഐഎസ്ടിഎഫിന് രൂപം നല്‍കിയിട്ടുള്ളത്. ഇന്‍ഡോ-യുഎസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ത്യയും അമേരിക്കയും ചേര്‍ന്നാണ് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും സംരംഭകരുടെയും ഗവേഷകരുടെയും പങ്കാളിത്തത്തിലൂടെ സാങ്കേതികവിദ്യ വാണിജ്യവല്‍കരിച്ച് ഗവേഷണവും വികസനവും സാമൂഹ്യമാറ്റത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് യുഎസ്‌ഐഎസ്ടിഎഫിന്റെ ലക്ഷ്യം.
അമേരിക്കയുടെയും ഇന്ത്യയുടെയും തുല്യ എണ്ണത്തോടെ 18 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. ഉന്നത നിലവാരത്തിലുള്ള പരിപാടികളും പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്ന തരത്തില്‍ യുഎസ്‌ഐഎസ്ടിഎഫിന് നേതൃത്വവും ഉള്‍ക്കാഴ്ചയും നല്‍കുക എന്നതാണ് ഭരണസമിതിയുടെ കര്‍ത്തവ്യം. കേന്ദ്ര ശാസ്ത്ര,സാങ്കേതിക വകുപ്പില്‍ രാജ്യാന്തര ഉഭയകക്ഷി സഹകരണത്തിന്റെ ചുമതലയുള്ള ഡോ.അരബിന്ദ മിത്രയാണ് ഭരണസമിതിയുടെ സഹാധ്യക്ഷന്‍.
യുഎസ്‌ഐഎസ്ടിഎഫിന്റെ ഭരണസമിതിയിലേക്കുള്ള നാമനിര്‍ദ്ദേശം വലിയ ബഹുമതിയാണെന്ന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സംരംഭകത്വത്തിലും നൂതനത്വത്തിലും പുതിയ ആശയങ്ങള്‍ തേടാനും ഈ മേഖലയിലെ പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്താനും ഈ സ്ഥാനം അവസരം നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഇന്ത്യയില്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും യുഎസ്‌ഐഎസ്ടിഎഫിന് ഇതിനു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാര്‍ട്ടപ് ഇന്ത്യ കര്‍മപരിപാടി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയില്‍ സഞ്ജയ് മോഡറേറ്റര്‍ ആയിരുന്നു. ഡിജിറ്റല്‍വല്‍കരണത്തിലൂടെ ഇന്ത്യയുടെ ഭാവി എന്നതായിരുന്നു ചര്‍ച്ചയുടെ വിഷയം.