കൊച്ചി: സംസ്ഥാന വാണിജ്യ, വ്യവസായ വകുപ്പ് അടുത്ത ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടത്തുന്ന കേരള ബിസിനസ്-ടു-ബിസിനസ് മീറ്റില്‍ 200 സംരംഭകര്‍ പങ്കെടുക്കും. മീറ്റില്‍ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യമുള്ള ചെറുകിട, ഇടത്തരം മേഖലകളില്‍നിന്നുള്ള ഈ സംരംഭകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
ഫെബ്രുവരി നാലു മുതല്‍ ആറുവരെ നടക്കുന്ന ബി-ടു-ബി മീറ്റില്‍ ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍സ്, ഗാര്‍മെന്റ്‌സ്, റബര്‍, തടിവ്യവസായം, ആയുര്‍വേദ-ഔഷധസസ്യ സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള്‍, എന്‍ജിനീയറിംഗ് (ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്), കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങിയ സുപ്രധാന മേഖലകളില്‍നിന്നുള്ള സംരംഭകരാണ് തങ്ങളുടെ ഗുണനിലവാരമുള്ള ഉല്പന്നങ്ങളുമായി പങ്കെടുക്കുന്നതെന്ന് വ്യവസായ, വാണിജ്യ ഡയറക്ടര്‍ ശ്രീ പി.എം ഫ്രാന്‍സിസ് അറിയിച്ചു. സംസ്ഥാനത്തെ ഭക്ഷ്യ-സംസ്‌കരണ മേഖലയില്‍നിന്ന് മീറ്റിന് മികച്ച പ്രതികരണമുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. വാണിജ്യ മേഖലയിലെ ദേശീയ, അന്തര്‍ദേശീയ തലത്തിലെ പ്രതിനിധികളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് വേദിയൊരുക്കുന്ന മീറ്റിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് നടത്തിയത്.
നെടുമ്പാശേരിയിലെ സിയാല്‍ ട്രേഡ് ഫെയര്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള ബി-ടു-ബി മീറ്റില്‍ വാണിജ്യ മേഖലയിലെ പ്രതിനിധികള്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കും മുന്നിലാണ് ഈ സംരംഭകര്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവരുമായി ബിസിനസ് ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. വിദേശങ്ങളിലെയും മറ്റും സംസ്ഥാനങ്ങളിലെയും പ്രതിനിധികളാണ് ബിസിനസ് ചര്‍ച്ചകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നത്.