ഇക്കാലത്ത് ഇന്‍ഷുറന്‍സ് ഒഴിവാക്കാന്‍ പറ്റാത്ത സംഗതിയാണെന്ന സത്യം ഉള്‍കൊള്ളാന്‍ ആദ്യം തയ്യാറാകണം. കുടുംബമായി ജീവിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. സാമ്പത്തിക സുരക്ഷയും സുസ്ഥിരതയും ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ഇല്ലാതെ ജീവിയ്ക്കുകയെന്നത് വലിയ മണ്ടത്തരമാണ്.
ഇന്‍ഷുറന്‍സില്‍ ചേരണമെന്ന് തീരുമാനിച്ചാല്‍ നിങ്ങളുടെ മുന്നില്‍ ആദ്യം ഉയരുന്ന ചോദ്യം എന്തായിരിക്കും? എന്തിലാണ് ചേരുക? പക്ഷേ, പലപ്പോഴും നിങ്ങളുടെ മുന്നിലെത്തുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ മധുരമുള്ള വാക്കുകളില്‍ മയങ്ങി അവര്‍ക്ക് താത്പര്യമുള്ള പോളിസിയില്‍ പോയി വീഴും. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. പ്രധാനപ്പെട്ട പോളിസികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ടേം ഇന്‍ഷുറന്‍സ്
ഇതൊരു നിക്ഷേപമല്ലെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. പോളിസി ഉടമ മരിയ്ക്കുകയാണെങ്കില്‍ ഇന്‍ഷുര്‍ തുക നോമിനിക്ക് ലഭിക്കും. കുറഞ്ഞ പണം മുടക്കി കൂടുതല്‍ തുകയുടെ കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ കൂടി പോളിസിയെടുക്കുന്ന ആള് മരിയ്ക്കുകയാണെങ്കില്‍ മാത്രമേ ഇതുകൊണ്ട് കാര്യമുള്ളൂ. നികുതി ആനുകൂല്യം ലഭിക്കും. അതോടൊപ്പം നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന്റെ സാമ്പത്തിക നില സുസ്ഥിരമായിരിക്കും. വളരെ കുറഞ്ഞ ചെലവില്‍ ഇതെല്ലാം സാധിക്കുകയും ചെയ്യും.
എന്‍ഡോവ്മെന്റ് പ്ലാന്‍
ടേം പ്ലാനില്‍ പണം നിക്ഷേപിക്കുമ്പോള്‍ പണം എന്നെന്നേക്കുമായി വെറുതെ നഷ്ടപ്പെടുന്നുവെന്ന് ചിന്തിക്കുന്നവരുണ്ട്. ഞാന്‍ മരിച്ചു കഴിഞ്ഞിട്ട് എന്തു കിട്ടിയിട്ടെന്താ? എന്ന് ആലോചിക്കുന്നവര്‍. ഇത്തരക്കാര്‍ക്ക് യോജിച്ച സ്കീമാണ് എന്‍ഡോവ്മെന്റ് പ്ലാന്‍. നിക്ഷേപവും പരിരക്ഷയും ഒറ്റ പോളിസിയില്‍ ലഭിക്കും. പക്ഷേ, ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും എന്ന പോരായ്മയുണ്ട്. പണം എവിടെയും പോകുന്നില്ലെന്ന ആശ്വാസമുണ്ട്.
യൂനിറ്റ് ലിങ്ക്ഡ് പ്ലാന്‍(യുലിപ്)
ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് നിക്ഷേപ രീതിയിലാണിത്. പോളിസി ഉടമ മരിയ്ക്കുമ്പോള്‍ നേട്ടം നോമിനിക്ക് നല്‍കും. അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയായാല്‍ പോളിസി നിബന്ധനകളനുസരിച്ചുള്ള തുക ചേര്‍ന്നയാള്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത് മികച്ച റിട്ടേണ്‍ നല്കുന്ന സ്കീമാണെങ്കിലും ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ നിക്ഷേപമൂല്യത്തെയും ബാധിക്കും.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
അസുഖങ്ങള്‍ പലപ്പോഴും നമ്മുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും. അസുഖങ്ങള്‍,അപകടങ്ങള്‍ എന്നിവ മൂലം വരുന്ന അപ്രതീക്ഷിത ചെലവുകള്‍ മറികടക്കുന്നതിനാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നാല്‍ ഉചിതമായ സ്കീം തിരഞ്ഞെടുക്കണമെന്നു മാത്രം. ആശുപത്രി ചെലവുകളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി വഹിക്കുമെന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.