2016: എന്തായിരിക്കും സോഷ്യല്‍ മീഡിയയുടെ ഭാവി?

2016: എന്തായിരിക്കും സോഷ്യല്‍ മീഡിയയുടെ ഭാവി?

ഫേസ് ബുക്കിനും വാട്‌സ് ആപ്പിനും അപ്പുറം എന്തായിരിക്കും? വരാനുള്ള കാലത്ത് സോഷ്യല്‍ മീഡിയയില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും?

ഒരു കാലത്ത് ഫേസ്ബുക്കും ജിമെയിലും ട്വിറ്ററും ഓഫിസുകളില്‍ ബ്ലോക് ചെയ്തിരുന്നു. എന്നാല്‍ ഇന്നോ? ഇതെല്ലാം ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയെ കമ്പനികളെല്ലാം തന്നെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. പുതിയ വര്‍ഷത്തില്‍ പ്രമുഖ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളെല്ലാം തന്നെ ബിസിനസ്സിലും വര്‍ക്ക് പ്ലേസിനും പ്രാധാന്യം നല്‍കികൊണ്ടുള്ള നീക്കങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്.

ടെക്സ്റ്റ് മെസ്സേജിന്റെ കാലം കഴിഞ്ഞുവെന്നു കരുതുന്നവര്‍ക്ക് തെറ്റി. വ്യക്തിപരമായ സന്ദേശങ്ങള്‍ എത്തിക്കാന്‍ ടെക്സ്റ്റ് മെസേജുകള്‍ക്കുള്ള മിടുക്ക് മറ്റൊന്നിനുമില്ല. സ്വകാര്യത, വേഗത എന്നിവയാണ് ടെക്സ്റ്റ് മെസേജുകളെ വേറിട്ടു നിര്‍ത്തുന്നത്. ഉപഭോക്താവിനെ ശല്യപ്പെടുത്താതെ മെസ്സേജ് സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളും ആലോചിക്കുന്നത്. എന്തായാലും എസ്എംഎസ് പുതിയ വര്‍ഷത്തിലും രാജാവായി തന്നെ വിലസും.

വീഡിയോ ആയിരിക്കും വരാനുള്ള കാലത്തെ സോഷ്യല്‍ മീഡിയ. ഇതു പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒട്ടേറെ ലൈവ് വീഡിയോ പ്ലാറ്റ് ഫോമുകളും ഉണ്ടായി. ഹാങ് ഔട്ടിലൂടെ ഗൂഗിളും പിന്നെ ഫേസ് ബുക്കും ലൈവ് സ്ട്രീമിങ് ആശയവുമായി രംഗത്തെത്തി. വീഡിയോ ഒട്ടേറെ ചെലവുള്ള മാര്‍ഗ്ഗമാണ്. എങ്കിലും ലൈവ് വീഡിയോ ഇനിയുള്ള കാലങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും. പക്ഷേ, വീഡിയോ ഉണ്ടാക്കുന്നതിനേക്കാള്‍ ചെലവാണ് അതു കാണുന്നതെന്ന കാര്യം പ്രസക്തമാണ്. വീഡിയോയ്ക്ക് മേല്‍ക്കൈ കിട്ടണമെങ്കില്‍ ഡാറ്റ ചാര്‍ജുകള്‍ ഇനിയും താഴോട്ടിറങ്ങേണ്ടതുണ്ട്.

ആപ്പുകള്‍ കൂടുതല്‍ മെച്ചപ്പെടാനുള്ള സാധ്യത കൂടുതലാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്ളടക്കം നാള്‍ക്കു നാള്‍ കൂടി വരികയാണ്. ആപ്പുകളായിരിക്കും നിങ്ങളുടെ സമയത്തെ ക്രമീകരിക്കുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കു വേണ്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നതും കാണിച്ചു തരുന്നതും ആപ്പുകളിലൂടെയായിരിക്കാനുള്ള സാധ്യത കൂടുതലാണ്. അടുത്ത വര്‍ഷം അവസാനത്തോടു കൂടി തന്നെ മൊബൈല്‍ അപ്ലിക്കേഷന്‍ സംവിധാനങ്ങളില്‍ അടിമുടി മാറ്റം വരും. ആപ്പുകള്‍ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറും.

RECOMMENDED FOR YOU:

no relative items