തിരുവനന്തപുരം:ദേശീയ പാതയും പി. ഡബ്‌ള്യൂ. ഡി റോഡുകളും പൊളിക്കുന്നത് ആഗസ്റ്റ് 15 വരെ തടഞ്ഞുകൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉത്തരവ് നല്‍കി. നാഷണല്‍ ഹൈവേയിലെയും പൊതുമരാമത്ത് വകുപ്പിലെ സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥരെയും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ ഉത്തരവ്.
അരൂര്‍-അരൂക്കുറ്റി റോഡ് രാത്രിയിലും വെട്ടിപ്പൊളിച്ച് സഞ്ചാരം അസാധ്യമാണെന്നും വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നുണ്ടെന്നും പൊളിച്ചിടം പുനല്‍നിര്‍മ്മിക്കുന്നില്ലെന്നും ഒരു യാത്രക്കാരനില്‍നിന്നും മന്ത്രിക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദീര്‍ഘകാലമായി ഈ ദുസ്ഥിതി തുടരുകയാണ്. മഴക്കാലത്ത് കഠിനമായ പ്രയാസങ്ങളാണ് ഇതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്നത്.
അതിനാലാണ് ആഗസ്റ്റ് 15 വരെയുള്ള നിരോധനം. മഴ മാറുന്ന മുറയ്ക്ക് സംസ്ഥാനതല അവലോകനം നടത്തി പണികള്‍ പുനരാരംഭിക്കും. യാത്രാ ബുദ്ധിമുട്ടും ഒ സാമ്പത്തിക നഷ്ടവും ഒഴിവാക്കാന്‍ ഈ നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് ജി സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണാധികാരികള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.