ടെക്‌നോപാര്‍ക്കില്‍ പൂര്‍ണ വാക്സിനേഷന്‍; ഐടി കമ്പനികള്‍ക്ക് മടങ്ങിയെത്താന്‍ കളമൊരുങ്ങി

ടെക്‌നോപാര്‍ക്കില്‍ പൂര്‍ണ വാക്സിനേഷന്‍; ഐടി കമ്പനികള്‍ക്ക് മടങ്ങിയെത്താന്‍ കളമൊരുങ്ങി

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ടെക്‌നോപാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള സാഹചര്യമൊരുങ്ങി. വിവിധ കമ്പനികള്‍ സ്വന്തം നിലയിലും ടെക്‌നോപാര്‍ക്കിന്റെ നേതൃത്വത്തിലുമായാണ് രണ്ടാം ഡോസ് വാക്സിനേഷന്‍ നടന്നുവരുന്നത്. ജൂണില്‍ ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഡോസ് വിതരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ് പുരോഗമിക്കുന്നത്. ഇതിനായി രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ്, 30,000 ജോസ് സ്പുട്‌നിക് വി വാകിസിനുകളാണ് ടെക് ഹോസ്പിറ്റല്‍ വാങ്ങിയിട്ടുള്ളത്. ഇവ ടെക്‌നോപാര്‍ക്കിനു പുറമെ കൊച്ചി ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിലും വിതരണം ചെയ്യുന്നുണ്ട്.

നേരത്തെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ഏതാനും കമ്പനികള്‍ ഇതിനകം ടെക്‌നോപാര്‍ക്കില്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ നിന്ന് കമ്പനികള്‍ പൂര്‍ണമായും മാറില്ലെങ്കിലും വരും മാസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ ഐടി പാര്‍ക്കുകളില്‍ തിരിച്ചെത്തും. സമ്പൂര്‍ണ വാക്സിനേഷനു പുറമെ സ്‌കൂളുകള്‍ കൂടി തുറക്കുന്നതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് തിരികെ ഓഫീസുകളിലെത്താന്‍ വഴിയൊരുങ്ങുമെന്ന് കേരള ഐടി പാര്‍ക്സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.

വിവിധ കമ്പനികള്‍ ഇതിനകം തന്നെ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം നേടിയിട്ടുണ്ട്. ഐടി ജീവനക്കാര്‍ക്കു പുറമെ ടെക്‌നോപാര്‍ക്കിലും വിവിധ കമ്പനികളിലും ഹൗസ്‌കീപ്പിങ്, ക്ലീനിങ്, സെക്യൂരിറ്റി ജോലികള്‍ ചെയ്യുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇവര്‍ക്കു മാത്രമായി ടെക്‌നോപാര്‍ക്കിലെ കമ്പനിയായ ക്യൂബസ്റ്റ് സംഘടിപ്പിച്ച ക്യാമ്പില്‍ ഇരുനൂറിലേറെ പേര്‍ തിങ്കളാഴ്ച രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 200 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയിരുന്നു. ജൂണില്‍ 400ലേറെ കരാര്‍ ജീവനക്കാര്‍ക്ക് ക്യൂബസ്റ്റ് ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയിരുന്നു.

Keralafinance
News
Share Article:
complete vaccination in technopark

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES