ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പുതിയ സ്‌കോഡ കുഷാക്കിന്റെ ലോക പ്രീമിയര്‍ 2021 മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും. സ്‌കോഡ ഓട്ടോ വികസിപ്പിച്ചെടുത്ത എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മോഡലാണ് സ്‌കോഡ കുഷാക്ക്. ഇന്ത്യയിലെ അതിവേഗം വളരുന്ന മിഡ്-സൈസ് എസ് യു വി വിഭാഗത്തിലേക്ക് സ്‌കോഡ ഇതോടെ പ്രവേശിക്കുകയാണ്. ഫ്രണ്ട് വീലുകളിലേക്കും പവര്‍ എത്തിക്കുന്ന 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടിഎസ്ഐ എന്നീ രണ്ട് എഞ്ചിനുകളാണ് വാഹനത്തിനുള്ളത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നീ മൂന്ന് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.
മികച്ച ഡിസൈന്‍, ഇന്റീരിയര്‍ സ്പേസ്, കംഫര്‍ട്ട്, സുരക്ഷ, ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, സമഗ്രമായ കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവ അടങ്ങുന്ന മിഡ്-സൈസ് എസ്‌യുവിയാണ് കുഷാക്ക്. വാഹനത്തിന്റെ 2,651 മില്ലിമീറ്റര്‍ വീല്‍ബേസ് യാത്രക്കാര്‍ക്കും ലഗേജുകള്‍ക്കുമായി ധാരാളം ഇന്റീരിയര്‍ ഇടം നല്‍കുന്നു. അഞ്ച് യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാം. ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍, ഓപ്ഷണല്‍ ഫ്രണ്ട് സൈഡ്, കര്‍ട്ടന്‍ എന്നിങ്ങനെ ആറ് എയര്‍ബാഗുകളാണുള്ളത്. ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, മൊബൈല്‍, ലൈറ്റ് സെന്‍സറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ സുരക്ഷയും സുഖവും മെച്ചപ്പെടുത്തുന്നു.
മികച്ച സുരക്ഷക്കും ഡ്രൈവിങ് സുഗമമാക്കുന്നതിനുമായി മൈ സ്‌കോഡ കണക്റ്റ് സംവിധാനം വാഹനത്തിനുണ്ട്. സെന്‍ട്രല്‍ ടച്ച് സ്‌ക്രീനുള്ള ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മികച്ച ഇന്റീരിയര്‍ താപനില ഉറപ്പാക്കുന്നതിന് ട്രിം ലെവല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷനിംഗ്, ഓട്ടോമാറ്റിക് ക്ലൈമാട്രോണിക് സവിശേഷതള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഹെഡ്‌ലൈറ്റുകള്‍ , ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ടെയില്‍, ബ്രേക്ക് ലൈറ്റുകള്‍ എന്നിവ കാര്യക്ഷമവും തല്‍ക്ഷണം പ്രതികരിക്കുന്നതുമായ എല്‍ഇഡികളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ട്രിം ലെവലിന് അനുസരിച്ച് വായു മര്‍ദ്ദം നിരീക്ഷിക്കാന്‍ ടയര്‍ പ്രഷര്‍ മോണിറ്റര്‍ സംവിധാനവുമുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ് എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോം. 250 പ്രാദേശിക എഞ്ചിനീയര്‍മാരുടെ ഒരു സംഘമാണ് എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ ഓട്ടോ, ഫോക്‌സ്‌വാഗണ്‍ എന്നിവയ്ക്കായി സുസ്ഥിരമായ ഒരു മോഡല്‍ കാമ്പെയ്ന്‍ നടപ്പിലാക്കുകയാണ് ഇന്ത്യ 2.0 പ്രോജക്ടിന്റെ ലക്ഷ്യം. മൊത്തം ഒരു ബില്യണ്‍ യൂറോയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ 2.0 പദ്ധതിയില്‍ നിക്ഷേപിക്കുന്നത്. 2025 ഓടെ ഇന്ത്യയില്‍ അഞ്ച് ശതമാനം വിപണി വിഹിതം കൈവരിക്കാനാണ് സ്‌കോഡ ഓട്ടോയും ഫോക്‌സ്‌വാഗണും ലക്ഷ്യമിടുന്നത്.