കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

NewsDesk
കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരനെ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ അവന് പണം കടം കൊടുത്താല്‍ മാത്രം മതിയെന്നൊരു ചൊല്ലുണ്ട്. കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ പണം കടം കൊടുത്തതില്‍ ഇപ്പോ ദുഃഖിക്കുന്ന പലരുമുണ്ടാകും. കാരണം പണവും പോയി, ആ നല്ലൊരു ബന്ധവും തകര്‍ന്നു. നഷ്ടം രണ്ടാണ്.

തരാമെന്നു പറഞ്ഞ അവധി തുടര്‍ച്ചയായി മാറ്റി പറയുക, അല്ലെങ്കില്‍ പല കാരണങ്ങള്‍ പറഞ്ഞ് വീണ്ടും വീണ്ടും പണം ചോദിച്ചു കൊണ്ടിരിക്കുക, പല പല കാര്യങ്ങള്‍ പറഞ്ഞ് നിങ്ങള്‍ക്ക് തരാനുള്ള പണം കിട്ടാതെയാവുക. ഒടുവില്‍ എന്തിനേറെ പറയുന്നു നിങ്ങള്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാതെയാവും. കൂടാതെ ഇത്തിരി പണം കൊടുക്കാനുള്ളതിന്റെ പേരില്‍ അവന്‍ ആളെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന് അടുത്ത കൂട്ടുകാരോടും ബന്ധുക്കളോടും പരാതിയും പറയും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സ്‌നേഹമുള്ളവര്‍ കൂട്ടുകാരും ബന്ധുക്കളും ബുദ്ധിമുട്ടുമ്പോള്‍ വീണ്ടും സഹായിക്കാന്‍ തയ്യാറാകും. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

പോണാല്‍ പോകട്ടും

നിങ്ങളുടെ കൂട്ടുകാരോ ബന്ധുക്കളോ പണം കടം ചോദിച്ചാല്‍ അവര്‍ ചോദിക്കുന്ന പണം നല്‍കുകയല്ല വേണ്ടത്. മറിച്ച് ആദ്യം സ്വന്തം സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുക. തിരിച്ചു തരാന്‍ വൈകിയാലും നിങ്ങള്‍ ബുദ്ധിമുട്ടിലാകാത്ത തുക എത്രയുണ്ടോ അത്ര ഓഫര്‍ ചെയ്യുക. എന്റെ കൈയില്‍ ഇത്രയുണ്ട്. ഇത് നീ എനിക്ക് സൗകര്യമുള്ള സമയത്ത് തിരിച്ചു തന്നാല്‍ മതിയെന്ന് ആദ്യമേ വ്യക്തമാക്കുക. വാസ്തവത്തില്‍ ഒരു ബന്ധം തകരുന്നതിന്റെ റിസ്‌ക് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതേ സമയം വാങ്ങാന്‍ വരുന്നയാള്‍ക്ക് മോശം തോന്നുന്ന രീതിയില്‍ ഈ സംഗതികള്‍ അവതരിപ്പിക്കരുത്. ചുരുക്കത്തില്‍ നിങ്ങളുടെ ബന്ധുവോ കൂട്ടുകാരനോ പണം തിരിച്ചു തന്നില്ലെങ്കില്‍ നിങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാകുന്ന സാഹചര്യം ഉണ്ടാകരുത്. പത്തു ദിവസം കഴിഞ്ഞ് വീട്ടില്‍ ഒരു അത്യാവശ്യത്തിനു വേണ്ട പണമെടുത്ത് ഒരു കൂട്ടുകാരനോ ബന്ധുവിനോ നല്‍കരുതെന്ന് ചുരുക്കം.

കടം കൊടുക്കുന്നതിന്റെ മുമ്പ് കാര്യം അറിയണം.

കടം വാങ്ങുന്നത് ഒരു ശീലമാക്കിയവരുണ്ട്. ഇത്തരക്കാര്‍ പണം തിരിച്ചുകൊടുക്കുകയുമില്ല. ഏറെ ബുദ്ധിമുട്ടിച്ചാല്‍ മാത്രമേ പണം കിട്ടുകയുള്ളൂ. അതുകൊണ്ട് കടം കൊടുക്കുന്നതിന് മുമ്പ് കാര്യം ചോദിച്ചു മനസ്സിലാക്കുക. വലിയ തുകയാണെങ്കില്‍ നോക്കട്ടെയെന്നു മാത്രം പറയുകയും മറ്റുള്ള കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ആവശ്യം സത്യമാണോ എന്ന് തിരക്കാന്‍ ശ്രമിക്കണം.

ആവശ്യം മനസ്സിലാക്കണം


ഒരാള്‍ ആശുപത്രിയിലോ മറ്റോ കിടക്കുന്ന സമയമാണെങ്കില്‍ പലപ്പോഴും നമ്മള്‍ ഉദാഹരമായി പണം ചെലവഴിക്കേണ്ടി വരാറുണ്ട്. എന്നാല്‍ സാമ്പത്തികമായി ചിന്തിക്കുമ്പോള്‍ ഇത് പിന്നീട് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം കേസുകളില്‍ നമ്മുടെ സാമ്പത്തിക പരിമിതിക്കുള്ളില്‍ നിന്നു പരമാവധി സഹായിക്കണം. കൂടാതെ ഇത്തരം പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. വലിയ തുകകള്‍ക്ക് ആവശ്യം വരികയാണെങ്കില്‍, അത് ഉദാരമായി നല്‍കാന്‍ പറ്റാതത് സാഹചര്യമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് കൊടുക്കാന്‍ നോക്കാവുന്നതാണ്. പക്ഷേ, അതിനു ഗ്യാരണ്ടി നിങ്ങള്‍ നില്‍ക്കരുത്.

നികുതി വകുപ്പിനെ സൂക്ഷിക്കണം

നിങ്ങള്‍ പണം കടം കൊടുത്തത് ബാങ്കില്‍ തിരിച്ചെത്തും. അതിന് ഉത്തരം പറയേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ട്. കാരണം സേവിങ്‌സ് ബാങ്ക് എക്കൗണ്ടിലെത്തുന്ന പണത്തിന് കണക്ക് പറഞ്ഞേ പറ്റൂ. അതേ സമയം പുറത്തു പോകുന്ന പണത്തിന് ഇത് ബാധകമല്ല താനും. 20000നുമുകളിലുള്ള പണം ക്യാഷായി കൊടുക്കുന്നതിന് ഇന്‍കം ടാക്‌സ് നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് ഇതിലും വലിയ തുക ആരെങ്കിലും കടം ചോദിച്ചാല്‍ അത് എക്കൗണ്ട് മുഖേന നല്‍കാന്‍ ശ്രമിക്കണം. ഇതോടെ ബാങ്കില്‍ കൊടുത്തതിനും വന്നതിനും രേഖയാകും. വന്ന പണത്തിന്റെ കണക്ക് ചോദിച്ചാല്‍ നിങ്ങള്‍ക്ക് കൊടുത്ത പണത്തിന്റെ രേഖ കൊടുത്താല്‍ മതിയല്ലോ? വലിയ തുക കടം കൊടുക്കുമ്പോള്‍ ഇത് സംബന്ധിച്ച് ഒരു രേഖ വാങ്ങി വെയ്ക്കുന്നത് നല്ലതാണ്. ലോണ്‍ എഗ്രിമെന്റ്, പോസ്റ്റ് ഡേറ്റഡ് ചെക്, പ്രോമിസറി നോട്ട് എന്നിവ ഇതിന് ഉദാഹരണമാണ്.

English summary
Despite bad experiences it's not easy to ignore a relative or a friend is in need of financial help. What we want to care while lending to friends and relatives

More News from this section

Enter your email address: