ഇന്ത്യന്‍ ഓഹരി വിപണി ആശങ്കയില്‍, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി

NewsDesk
ഇന്ത്യന്‍ ഓഹരി വിപണി ആശങ്കയില്‍, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി

വാഷിങ്ടണ്‍: പത്തുവര്‍ഷത്തിനുശേഷം ആദ്യമായി പലിശനിരക്കില്‍ വര്‍ദ്ധനവ് വരുത്താന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. ആഗോള സാമ്പത്തിക വിപണിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള സുപ്രധാന തീരുമാനമാണിത്. നിലവില്‍ രാജ്യത്തെ പലിശ നിരക്ക് 0-.25 സ്ലാബിലായിരുന്നു. ഇത് ഉയര്‍ത്തി 0.25-.50 ശതമാനമാക്കി.

വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യ വിടുമോ? ഫെഡറല്‍ ബാങ്ക് തീരുമാനത്തിനോട് ഇന്ത്യയില്‍ പണമിറക്കിയിട്ടുള്ള വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യം നിര്‍ണായകമാണ്. ഇത്തരമൊരു തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ തന്നെ ഏകദേശം 16500ഓളം കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ഇപ്പോള്‍ തീരുമാനം വന്ന പശ്ചാത്തലത്തില്‍ എന്തായിരിക്കും പ്രതികരണം? ഓഹരി വിപണി വീണ്ടും താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറിയെന്ന ആത്മവിശ്വാസത്തിലാണ് ഫെഡറല്‍ ബാങ്ക് ചരിത്രപരമായ ഈ തീരുമാനത്തിലേക്കെത്തിയത്. അമേരിക്കന്‍ ബോണ്ട് മണിയുടെ ഒഴുക്ക് നില്‍ക്കുന്നതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലാകും. കൂടുതല്‍ നേട്ടത്തിനായി വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പണമിറക്കിയിരുന്നതാണ് രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ സഹായിച്ചിരുന്നത്. കൂട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിടുന്നത് ഡോളര്‍ ഡിമാന്റ് വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രൂപയുടെ മൂല്യം താഴോട്ടിറങ്ങും. ഇറക്കുമതി ചെലവും ക്രമാതീതമായി വര്‍ദ്ധിക്കും. പണപ്പെരുപ്പം വര്‍ദ്ധിക്കും. സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴോട്ടിറങ്ങും. ചുരുക്കത്തില്‍ രാജ്യം ചെറിയ തോതില്‍ പ്രതിസന്ധിയിലേക്ക് നീങ്ങും.

എന്നാല്‍ തുടക്കത്തില്‍ ചെറിയ തിരിച്ചടിയുണ്ടായാലും ഇന്ത്യ ഈ പ്രതിസന്ധിയെ വളരെ എളുപ്പത്തില്‍ മറികടക്കുമെന്നും ഇതിനകം വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

 

English summary
America's central bank, the US Federal Reserve raised its key interest rate on Wednesday from a range of 0 percent to 0.25 percent to a range of 0.25 percent to 0.5 percent

More News from this section

Enter your email address: