മൂന്നാം വര്‍ഷവും സ്വര്‍ണ വില താഴോട്ട്, പുതുവര്‍ഷത്തില്‍ വാങ്ങുന്നത് ശരിയാണോ?

NewsDesk
മൂന്നാം വര്‍ഷവും സ്വര്‍ണ വില താഴോട്ട്, പുതുവര്‍ഷത്തില്‍ വാങ്ങുന്നത് ശരിയാണോ?

ഒരു കാലത്ത് സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായിരുന്നു. മുടക്കു മുതല്‍ ലാഭത്തോടെ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള നിക്ഷേപം. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വര്‍ണത്തിന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്.

ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനവും അമേരിക്കയിലെ പലിശ നിരക്ക് വര്‍ദ്ധിച്ചതുമാണ് ഇടിവിന് കാരണമെന്ന് വേണമെങ്കില്‍ പറയാം. അമേരിക്കന്‍ പലിശനിരക്കില്‍ വര്‍ധനവുണ്ടാകുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ സ്വര്‍ണം വിറ്റൊഴിവാക്കാനുള്ള തിക്കും തിരക്കുമായിരുന്നു.

കേരളത്തിലെ കണക്കെടുക്കുകയാണെങ്കില്‍ പവന്‍ വിലയില്‍ ഏകദേശം ആറു ശതമാനത്തോളം ഇടിവുണ്ടായി. 2014 അവസാന കാലത്ത് സ്വര്‍ണത്തിന്റെ വില പവന് 20280 ലെവലിലായിരുന്നെങ്കില്‍ 2015 ഡിസംബര്‍ 31ലെ വില 18,920 രൂപയാണ്. ഏകദേശം 1400 ഓളം രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വര്‍ണം വില്‍ക്കുമ്പോഴുള്ള നഷ്ടം വലുതായിരിക്കുമെന്ന് ചുരുക്കം. കാരണം വിലക്കുറവിനെ കൂടാതെ പണിക്കൂലിയും തേയ്മാനവും കുറയ്ക്കുന്നതോടെ നഷ്ടം വര്‍ധിക്കും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ തകര്‍ച്ച തുടരുകയാണ്.

2012ല്‍ വാങ്ങിയ സ്വര്‍ണം 2016ല്‍ വില്‍ക്കുകയാണെങ്കില്‍ വിലയില്‍ മാത്രം 5200 ഓളം രൂപയുടെ നഷ്ടമുണ്ടാകും. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇനിയും താഴേക്ക് പോകാനാണ് സാധ്യത. നിലവിലുള്ള പശ്ചാത്തലത്തില്‍ സ്വര്‍ണം ഒരു സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗമല്ല. ഇതില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

 

English summary
Should You Buy in the New Year?